ജമ്മു കാശ്മീരിന്റെ കണ്ണീരൊപ്പാൻ ലഫ്റ്റനൻ്റ് ഗവർണറുമായി കൈകോർക്കുവാൻ എച്ച്. ആർ. ഡി. എസ്. ഇന്ത്യയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി; പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് 1500 സ്മാർട്ട് വീടുകൾ സൗജന്യമായി നിർമ്മിക്കും; ധാരണാപത്രം ഒപ്പിട്ടു

ജമ്മു കാശ്മീരിന്റെ കണ്ണീരൊപ്പാൻ ലഫ്റ്റനൻ്റ് ഗവർണറുമായി കൈകോർക്കുവാൻ എച്ച്. ആർ. ഡി. എസ്. ഇന്ത്യയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി; പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് 1500 സ്മാർട്ട് വീടുകൾ സൗജന്യമായി നിർമ്മിക്കും; ധാരണാപത്രം ഒപ്പിട്ടു
Published on

ശ്രീനഗർ: രാജ്യത്തിന്റെ എക്കാലത്തെയും നൊമ്പരമായ പഹൽഗാം ഭീകരാക്രമണത്തിൻ്റെ കരുത്തുറ്റ ചെറുത്തുനിൽപ്പായ ഓപ്പറേഷൻ സിന്ധൂറിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ജമ്മുകാശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് ജമ്മുകാശ്മീർ സർക്കാർ സൗജന്യമായി പുതിയ വീടുകൾ നിർമ്മിച്ചു നൽകും. 1500 വീടുകളാണ് ഇപ്രകാരം സൗജന്യമായി നിർമ്മിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജമ്മുകാശ്മീർ ഗവൺമെൻ്റ് എച്ച്. ആർ. ഡി. എസ്. ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ധൂറിലൂടെ കനത്ത തിരിച്ചടി നൽകിയ കേന്ദ്ര സർക്കാർ ഭീകരാക്രമണത്തിൽ മുറിവേറ്റവരുടെ കണ്ണീരൊപ്പുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകാനുള്ള ബൃഹദ് പദ്ധതി ആവിഷ്‌കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എച്ച്. ആർ. ഡി. എസിനോട് സുപ്രധാനമായ ചുമതല ഏറ്റെടുക്കാൻ നിർദ്ദേശിച്ചത്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.

ജമ്മുകാശ്മീർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിദ്ധ്യത്തിൽ സർക്കാരിന് വേണ്ടി ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ഐ. എ. എസ്., കാശ്മീർ അഡീഷണൽ കമ്മീഷണർ ആൻഷുൽ ഗാർഗ് ഐ. എ. എസ്., എച്ച്. ആർ. ഡി. എസ്. ഇന്ത്യക്ക് വേണ്ടി സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

702 ചതുരശ്ര അടിയിൽ ഇരുനിലകളിലായി ആധുനിക സാങ്കേതിക മികവിൽ മൂന്ന് ബെഡ്‌റൂം സ്മാർട് വീടുകളാണ് നിർമ്മിക്കുന്നത്.

സൗജന്യ ഇന്റർനെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം, ശുചിത്വ പരിശീലനം എന്നിവയും എച്ച്. ആർ. ഡി. എസ്. ഇന്ത്യ ഉറപ്പാക്കും. ബി. എസ്. എൻ. എല്ലിന്റെ സഹകരണത്തോടെയാണ് ഇന്റർനെറ്റ്, ഡിജിറ്റൽ സൗകര്യങ്ങൾ സജ്ജമാക്കുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ വീടുകൾ സൗജന്യമായി പെയിന്റ് ചെയ്യും. സന്നദ്ധപ്രവർത്തകർ ഓരോ മാസവും ഗുണഭോക്തൃ വീടുകൾ സന്ദർശിച്ച് സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറും.

വീടുകൾക്ക് 30 വർഷത്തെ ഗ്യാരൻ്റി നൽകും.

ഗുണഭോക്താക്കളെ ഡിവിഷണൽ കമ്മീഷണർമാരും എച്ച്.ആർ.ഡി.എസും ചേർന്ന് തിരഞ്ഞെടുക്കും. പഹൽഗാമിന് മുമ്പ് 1947മുതൽ നടന്ന ഭീകരാക്രമണങ്ങളും സായുധ സംഘടനങ്ങളും മൂലം വീടുകൾ നശിച്ചുപോയവരെയും ജമ്മു കാശ്മീരിലെ സമീപകാല പ്രളയത്തിൽ വീടുകൾ തകർന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

യുദ്ധത്തിൽ നഷ്ടപ്പെടുന്ന വീടുകൾ സാധാരണ പകരം വീടുകൾ നിർമ്മിച്ചു നൽകാറില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന്റെ

ഫലമാണ് ഈ മാതൃകാപദ്ധതിയെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. മനുഷ്യത്വത്തിന്റെ പുതിയ വാതിലുകളാണ് ഇതിലൂടെ തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മാസത്തിനുള്ളിൽ വീട് നിർമ്മാണം ആരംഭിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുൻകൈ എടുത്താണ് ഈ സമഗ്രപദ്ധതിയുടെ നിർമ്മാണ ചുമതല എച്ച്.ആർ.ഡി.എസ്. ഇന്ത്യയെ ഏൽപ്പിച്ചത്.

രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും ആദിവാസികൾക്കും വേണ്ടി കഴിഞ്ഞ 30 വർഷമായി പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ്. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലായി സൗജന്യ ഭവന നിർമ്മാണ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ അനുഭവസമ്പത്തിന്റെ കരുത്തിലാണ് രാജ്യത്തെ വലിയൊരു യുദ്ധാനന്തര പുനർനിർമ്മാണത്തിന്റെ ദൗത്യം എച്ച്.ആർ.ഡി.എസ് ഏറ്റെടുത്തിരിക്കുന്നതെന്ന് എച്ച്. ആർ. ഡി. എസ്. ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.

ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷനായിരുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. മൻദീപ് കെ. ഭണ്ഡാരി, ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ഐ. എ. എസ്., കാശ്മീർ അഡീഷണൽ കമ്മീഷണർ ആൻഷുൽ ഗാർഗ് ഐ. എ. എസ്., എച്ച്. ആർ. ഡി. എസ്. ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ, എച്ച്.ആർ.ഡി.എസ് ഇന്ത്യ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ, സി എസ് ആർ വിഭാഗം ഡയറക്ടർ ജി. സ്വരാജ് കുമാർ, ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ചെയർമാൻ സഞ്ജീവ് ഭട്നഗർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ കരുത്തുറ്റ ചെറുത്തുനിൽപ്പായ ഓപ്പറേഷൻ സിന്ധൂറിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ജമ്മുകാശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്ക് ജമ്മുകാശ്മീർ സർക്കാർ സൗജന്യമായി നിർമ്മിച്ചു നൽകുന്ന 1500 വീടുകളുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീർ ഗവൺമെൻ്റ്, എച്ച്. ആർ. ഡി. എസ്. ഇന്ത്യയുമായി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ച് കൈമാറുന്നു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. മൻദീപ് കെ. ഭണ്ഡാരി, ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ഐ. എ. എസ്., കാശ്മീർ അഡീഷണൽ കമ്മീഷണർ ആൻഷുൽ ഗാർഗ് ഐ. എ. എസ്., എച്ച്. ആർ. ഡി. എസ്. ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ, എച്ച്. ആർ. ഡി. എസ്. ഇന്ത്യ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ, സി എസ് ആർ വിഭാഗം ഡയറക്ടർ ജി. സ്വരാജ് കുമാർ, ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ചെയർമാൻ സഞ്ജീവ് ഭട്നഗർ എന്നിവർ സമീപം.

Related Stories

No stories found.
Times Kerala
timeskerala.com