ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർദ്ധരാത്രിയിലെ ഇത്തരം വീഡയോകൾ പങ്കുവെച്ച് വിദ്യാർത്ഥികളുടെ ബുദ്ധിയെ അധിക്ഷേപിക്കരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.(Rahul Gandhi Slams PM Modi Video Message Demands Dharmendra Pradhan Resignation)
പ്രശ്ന പരിഹാരത്തിനായി മൂന്ന് പ്രധാന നിബന്ധനകളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി / പുറത്താക്കൽ, വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസുകാർക്കെതിരെ കടുത്ത നടപടി, വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മാപ്പപേക്ഷ എന്നിവയാണിത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയത്തിൽ കൂടുതൽ കടുപ്പിക്കുന്നത്. പേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന പുതിയ ബില്ലിന് മന്ത്രിസഭാ യോഗം രൂപം നൽകുമെന്നും വരുന്ന ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യാഴാഴ്ച രാത്രി വൈകി പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചിരുന്നു. എന്നാൽ, പരീക്ഷാ തിരിമറിയിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി പ്രതിസന്ധിയിലാക്കിയ സർക്കാർ, ഉത്തരവാദികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Story Summary
Congress leader Rahul Gandhi criticized Prime Minister Narendra Modi’s late-night video message on the NEET paper leak, calling it an insult to students’ intelligence. Rejecting the PM’s promise of stricter laws and fast-track courts, Rahul Gandhi demanded the resignation of Union Education Minister Dharmendra Pradhan, action against officials who assaulted protesting students, and a public apology from the government.


