മുസാഫർനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് അവശനായി കാണപ്പെട്ട സബ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുസാഫർനഗറിലെ ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടി. ഇയാൾ മദ്യപിച്ച് സ്വബോധമില്ലാതെ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.(Policeman gets drunk during Yogi Adityanath’s official event, Suspension)
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഖലാപർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ചൗബെ സിംഗിന് വിഐപി സുരക്ഷാ ചുമതല നൽകിയിരുന്നത്. അതീവ സുരക്ഷാ ജാഗ്രത വേണ്ട സ്ഥലത്ത് എത്തുന്നതിന് പകരം, തഹസിൽ സദർ പരിസരത്തെ ഫാമിലി കോംപൗണ്ടിന് സമീപം ഇയാളെ മദ്യപിച്ച് അവശനായി കണ്ടെത്തുകയായിരുന്നു.
യൂണിഫോം പോലും ശരിയായ രീതിയിലല്ല ഇയാൾ ധരിച്ചിരുന്നത്. താൻ എവിടെയാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉദ്യോഗസ്ഥൻ. അച്ചടക്കലംഘനവും ഔദ്യോഗിക ഡ്യൂട്ടിയിലെ ഗുരുതര വീഴ്ചയും ചൂണ്ടിക്കാട്ടി സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മയാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫുഗാന സർക്കിൾ ഓഫീസർ യതീന്ദ്ര നാഗർ അറിയിച്ചു.

