രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്‌ട്രീയവൽക്കരിച്ചുവെന്ന് പ്രധാനമന്ത്രി
May 11, 2023, 13:01 IST

രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്‌ട്രീയവൽക്കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്‌ട്രീയവൽക്കരിച്ചുവെന്നും എന്നാൽ അതിൽ അവർ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് നഷ്ടം വരുത്താൻ പോലും കോൺഗ്രസ് മടിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
‘കർണാടകയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും സുഡാനിൽ കുടുങ്ങിക്കിടക്കുന്നു. അതിനാലാണ് കർണാടകാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്‌ട്രീയവത്കരിച്ചത്. എന്നാൽ സുഡാനിലെ യുദ്ധബാധിത മേഖലയിൽ ഇന്ത്യ നടത്തിയ കൃത്യമായ രക്ഷാപ്രവർത്തനം വിഷയത്തെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള കോൺഗ്രസ് പദ്ധതിയെ തകർക്കുകയായിരുന്നു. രാജ്യത്തിന് നഷ്ടം വരുത്താൻ പോലും കോൺഗ്രസ് മടിക്കുന്നില്ല. മെയ്ഡ് ഇൻ ഇന്ത്യ വാക്സിനെതിരെ അവർ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇന്ത്യ സ്വന്തമായി വാക്സിൻ നിർമ്മിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, മറ്റ് രാജ്യങ്ങളെ കൂടി സഹായിക്കുകയും ചെയ്തു’ പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ അബു റോഡിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.