Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeNational'സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമുണ്ടാകില്ല, ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സീറ്റുകൾ...

‘സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമുണ്ടാകില്ല, ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സീറ്റുകൾ സ്ത്രീകൾക്ക്’: ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ നീട്ടാമെന്ന് സ്പീക്കർ, വോട്ടെടുപ്പ് നാളെ വൈകുന്നേരം 4ന് | Parliament

🎙️ Latest Podcast

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ഭേദഗതി ഉൾപ്പെടെയുള്ള മൂന്ന് സുപ്രധാന ബില്ലുകളിന്മേൽ ലോക്‌സഭയിൽ ചർച്ച ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും 131-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സഭ അനുമതി നൽകി. അവതരണത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ ബില്ലിനെ എതിർത്തു.(Parliament debates crucial bills, Speaker says 18 hours extension possible if necessary)

ബില്ലിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ച നടത്താമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാൻ തയ്യാറാണെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. നാളെ വൈകീട്ട് നാലു മണിക്കായിരിക്കും നിർണ്ണായകമായ വോട്ടെടുപ്പ് നടക്കുക. ബിൽ അവതരിപ്പിച്ച നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇതിനെ ഒരു ചരിത്ര നിമിഷമെന്നാണ് വിശേഷിപ്പിച്ചത്.

ലോക്‌സഭയുടെ അംഗബലം 815 ആയി ഉയർത്തുമെന്നും ഇതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. വനിതാ സംവരണ നിയമ ഭേദഗതിയും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അംഗബലത്തിൽ നിന്നും 50 ശതമാനം വർദ്ധനവാണ് സഭയിൽ ഉണ്ടാകുക. 33 ശതമാനം സംവരണം എന്ന തത്വമനുസരിച്ച് 815 അംഗങ്ങളിൽ 272 പേർ വനിതകളായിരിക്കും.

വനിതാ ക്വാട്ടയ്ക്കുള്ളിൽ തന്നെ പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും കൃത്യമായ സംവരണം ഉറപ്പാക്കും. സീറ്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ പുരുഷന്മാർക്കോ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തിനോ നിലവിലുള്ള പ്രാതിനിധ്യത്തിൽ നഷ്ടം സംഭവിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് മേഘ്‌വാൾ വിശേഷിപ്പിച്ചു. ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതി ഉറപ്പാക്കാൻ മുൻ സർക്കാരുകൾ പരാജയപ്പെട്ടു. എന്നാൽ മോദി സർക്കാർ ഈ ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണ്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് മതിയായ പങ്കാളിത്തം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

1949 മുതൽ രാജ്യം ഉന്നയിക്കുന്ന ആവശ്യമാണിതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇത് യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീശക്തിയെ ആദരിക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനുമാണ് ഈ ഭേദഗതി. മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും ഒരു സംസ്ഥാനത്തിനും ഇതുമൂലം നഷ്ടമുണ്ടാകില്ലെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി.

ബില്ലിന്റെ ലക്ഷ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞത് മണ്ഡല പുനർനിർണ്ണയത്തിന് വേണ്ടിയാണ് സർക്കാർ വനിതാ സംവരണം ആയുധമാക്കുന്നതെന്നാണ്. ബിൽ ഫെഡറലിസത്തിനും സാമൂഹ്യനീതിക്കും എതിരാണെന്ന് കെ. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. മുസ്ലീം സംവരണം ഇല്ലാതാക്കാനും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് അമിത അധികാരം നൽകി ജനാധിപത്യം തകർക്കാനുമാണ് ഈ നീക്കമെന്ന് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ബിൽ ‘സ്ത്രീവിരുദ്ധം’ ആണെന്നാണ് ടിഎംസിയുടെ നിലപാട്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും ചേർന്നാണ് ബില്ലുകൾ സഭയിൽ വെച്ചത്. നാളെ നടക്കുന്ന വോട്ടെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.