മൊറാദാബാദ്: ജിമ്മിൽ പോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു (Moradabad Gym Dispute Murder). മൊറാദാബാദിലെ കട്ഘർ മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. 35 വയസ്സുകാരിയായ പൂനം ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ ശോഭിത് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വിവരം ആരെയും അറിയിക്കാതെ ഏഴ് മണിക്കൂറോളം ശോഭിത് മൃതദേഹത്തിനരികെ ഇരുന്നതായും പോലീസ് വെളിപ്പെടുത്തി.
പൂനം ജിമ്മിൽ പോകുന്നതിനെ ശോഭിത് നിരന്തരം എതിർത്തിരുന്നു. ബുധനാഴ്ച ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ പൂനവുമായി ഇയാൾ ഇതേച്ചൊല്ലി വഴക്കിടുകയും തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടിലിൽ കിടത്തിയ ശോഭിത്, സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. സ്കൂളിൽ നിന്ന് മകൾ മടങ്ങിയെത്തിയപ്പോൾ അമ്മ ഉറങ്ങുകയാണെന്ന് പറഞ്ഞ് കുട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റി. പിന്നീട് വൈകുന്നേരത്തോടെയാണ് പൂനം വീണു പരിക്കേറ്റതാണെന്ന് പറഞ്ഞ് ഇയാൾ പോലീസിനെ വിളിച്ചത്.
എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസിന് പൂനത്തിന്റെ തലയിലേറ്റ മാരകമായ മുറിവുകളിൽ സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശോഭിത് കുറ്റം സമ്മതിക്കുകയായിരുന്നു. ശോഭിത് പൂനത്തെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിച്ചു. കുടുംബാംഗങ്ങളുടെ പരാതിയിൽ കേസെടുത്തതായും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്പി രൺവിജയ് സിംഗ് അറിയിച്ചു.
Summary: A 35-year-old woman, Poonam Gupta, was killed by her husband in Moradabad, Uttar Pradesh, following a dispute over her going to the gym. The accused, Shobhit Gupta, struck her with an iron rod and sat with the body for seven hours before informing the police and claiming it was an accident. He was arrested after confessing to the crime during police interrogation.

