'അദാനി വിഷയത്തെ മോദി പേടിക്കുന്നു': വീണ്ടും ആഞ്ഞടിച്ച് രാഹുൽ
Thu, 16 Mar 2023

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിയിൽ താൻ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും മോദി ഉത്തരം നൽകിയിട്ടില്ല. ഈ വിഷയം പാർലമെന്‍റിൽ വരുന്നതിനെ മോദി പേടിക്കുകയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ അപമാനിച്ചെന്ന ആരോപണത്തിൽ താൻ പാർലമെന്‍റിൽ മറുപടി നൽകുമെന്നും വെള്ളിയാഴ്ച പാർലമെന്‍റിൽ സംസാരിക്കാൻ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞു. എംപി എന്ന നിലയിൽ വിശദീകരിക്കുക എന്നത് തന്‍റെ അവകാശമാണ്. നാല് മന്ത്രിമാരാണ് തനിക്കെതിരേ ആരോപണം ഉന്നയിച്ചത്. മന്ത്രിമാർക്ക് സംസാരിക്കാൻ കിട്ടിയ അവസരം തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോ താൻ നിശബ്ദനാക്കപ്പെടുമോ എന്നാണ് കണ്ടറിയേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.