

ചെന്നൈ: ഇൻഷുറൻസ് പണം കൈക്കലാക്കാനായി സ്വന്തം പിതാവിനെ മകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു. തിരുവള്ളൂർ പൊത്താതുർപേട്ട സ്വദേശിയും സ്‌കൂൾ ലാബ് അസിസ്റ്റന്റുമായ ഇ.പി. ഗണേശന്റെ (56) മരണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇൻഷുറൻസ് കമ്പനി ഉന്നയിച്ച സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഗണേശന്റെ പേരിൽ മൂന്ന് കോടി രൂപയുടെ ഒന്നിലധികം ഇൻഷുറൻസ് പോളിസികളാണ് മക്കൾ എടുത്തിരുന്നത്. ഇത് തട്ടിയെടുക്കാനായി അപകടമരണം എന്ന് തോന്നിപ്പിക്കാൻ പാമ്പിനെ ഉപയോഗിക്കുകയായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് അച്ഛനെ മൂർഖൻ പാമ്പിനെക്കൊണ്ട് കാലിൽ കടിപ്പിച്ചെങ്കിലും മാരകമാകാത്തതിനാൽ ഗണേശൻ രക്ഷപ്പെട്ടു.
തുടർന്ന് , ഒക്ടോബർ 22-ന് മാരകവിഷമുള്ള വെള്ളിക്കെട്ടൻ (Krait) പാമ്പിനെ വീട്ടിലെത്തിച്ച് ഉറങ്ങിക്കിടന്ന ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാമ്പിനെ വീടിനുള്ളിൽ വെച്ച് തന്നെ കൊന്നു കളയുകയും, ഇതൊരു സാധാരണ അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ മകൻ മോഹൻരാജ് തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഗണേശന്റെ പേരിൽ ഹ്രസ്വകാലയളവിനുള്ളിൽ എടുത്ത വലിയ തുകയുടെ പോളിസികൾ ഇൻഷുറൻസ് കമ്പനി ശ്രദ്ധിച്ചതോടെയാണ് കള്ളം വെളിപ്പെട്ടത്.
സംഭവത്തിൽ ഗണേശന്റെ രണ്ട് ആൺമക്കളും പാമ്പിനെ പിടിച്ചു നൽകാൻ സഹായിച്ച നാല് പേരും ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.