കോൽക്കത്ത: പശ്ചിമ ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ ബിജെപിയുടെ 'ഇരട്ട എൻജിൻ' സർക്കാർ (കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ ഭരണം) അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്ക് വോട്ട് നൽകി അവിടുത്തെ അരാജകത്വം അവസാനിപ്പിച്ചു. സമാനമായ രീതിയിൽ ബംഗാളിലെ ജനങ്ങളും നിലവിലെ ഭരണകൂടത്തെ തുടച്ചുനീക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് തുടരുന്ന അഴിമതിയെയും ക്രമസമാധാന തകർച്ചയെയും സൂചിപ്പിച്ചാണ് പ്രധാനമന്ത്രി 'മഹാജംഗിൾ രാജ്' എന്ന പ്രയോഗം നടത്തിയത്. അതേസമയം , റാണഘട്ടിൽ നിശ്ചയിച്ചിരുന്ന റാലികളിൽ നേരിട്ട് പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. കനത്ത മൂടൽമഞ്ഞ് കാരണം പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് താഹെർപൂരിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ല.
തുടർന്ന് കോൽക്കത്ത വിമാനത്താവളത്തിലേക്ക് മടങ്ങിയ അദ്ദേഹം, അവിടെയിരുന്ന് ഫോണിലൂടെയാണ് റാലിയിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തത്. നേരിട്ട് എത്താൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര നേതാക്കൾ സംസ്ഥാനത്ത് പ്രചാരണത്തിനെത്തുമെന്നാണ് സൂചന.