മുംബൈ:ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിൽ തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത് ഒരു മെഡിക്കൽ വിദ്യാർത്ഥിയെ! മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മുംബൈയിലെ തെരുവിൽ ഭിക്ഷാടനം നടത്തിവരികയായിരുന്ന 25 വയസ്സുകാരനായ ബിഎച്ച്എംഎസ് വിദ്യാർത്ഥിയെയാണ് പോലീസ് കണ്ടെത്തി വീട്ടുകാരുമായി ഒന്നിപ്പിച്ചത്. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ അഭയ് സുരേഷ് ബെൽകോണി എന്ന യുവാവാണ് 47 ദിവസത്തെ ദുരിതത്തിന് ശേഷം മാതാപിതാക്കളുടെ അരികിലേക്ക് തിരികെയെത്തിയത്.(Missing Medical Student Rescued By Mumbai Police From Begging On Streets)
കഴിഞ്ഞ വ്യാഴാഴ്ച മുംബൈയുടെ പടിഞ്ഞാറൻ സബർബായ മലാഡിലെ എസ്.വി റോഡിൽ നിന്നാണ് യുവാവിനെ മലാഡ് പോലീസ് രക്ഷപ്പെടുത്തിയത്. ശാരീരികമായി അതീവ അശക്തനായിരുന്ന യുവാവിന് തന്റെ മാനസികാവസ്ഥ കാരണം പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഏറെ പ്രയാസപ്പെട്ട് ഇയാൾ തന്റെ പേരും ജന്മനാടും പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നന്ദേഡിലെ തംസ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കായി അവിടെ കാണാതാവൽ പരാതി നിലവിലുണ്ടെന്ന് വ്യക്തമായത്.
ജൽഗാവിലെ കോളേജിലേക്ക് പഠനത്തിനായി പോകുംവഴി ഏപ്രിൽ 4-നാണ് അഭയിനെ കാണാതാകുന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ ഫോണും പണവും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് ഇയാൾക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മുംബൈയിൽ ഒറ്റപ്പെട്ടുപോയ ഇയാൾക്ക് ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നില്ല. കയ്യിൽ പണമില്ലാതായതോടെ വിശപ്പടക്കാൻ യുവാവ് തെരുവിൽ ഭിക്ഷാടനം ആരംഭിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
മകനെ കാണാതായതോടെ ഏപ്രിൽ 6 മുതൽ കുടുംബം വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. അന്ന് ഒരു റെയിൽവേ കച്ചവടക്കാരന്റെ ഫോണിൽ നിന്ന് അഭയ് വീട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും വിവരങ്ങൾ പൂർണ്ണമായി പറയുന്നതിന് മുൻപ് തന്നെ ഫോൺ കട്ടായി. പിന്നീട് ആ ഫോൺ ഉടമയുമായി ബന്ധപ്പെട്ടപ്പോൾ വിദ്യാർത്ഥി അവിടെനിന്ന് പോയതായാണ് അറിഞ്ഞത്. ഏറെ നാളത്തെ അലച്ചിലിനൊടുവിൽ മെയ് 16-നാണ് കുടുംബം നന്ദേഡ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. രക്ഷപ്പെടുത്തിയ അന്നുതന്നെ മലാഡ് പോലീസ് അഭയിന്റെ പിതാവിനെ വിവരമറിയിക്കുകയും, മുംബൈയിലെത്തിയ കുടുംബത്തിന് യുവാവിനെ സുരക്ഷിതമായി കൈമാറുകയും ചെയ്തു.
Story Summary
Mumbai Police rescued a 25-year-old medical student, Abhay Suresh Belkoni, from begging on Malad’s streets during an anti-begging drive. The third-year BHMS student had been missing for 47 days after losing his belongings on a train journey and was safely reunited with his family.

