പ്രണയപ്പക: നഴ്സിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
Sat, 18 Mar 2023

വില്ലുപുരം: പ്രണയ പകയില്‍ തമിഴ്നാട്ടില്‍ വീണ്ടും ക്രൂര കൊലപാതകം. വില്ലുപുരത്ത് നഴ്സിംഗ് വിദ്യാർഥിനിയായ പെൺകുട്ടിയെ യുവാവ് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. ധരണിയെന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.നഴ്സിംഗ് വിദ്യാർഥിനിയായ ധരണിയും മധുരപാക്കം സ്വദേശിയുമായ ഗണേഷ് എന്ന യുവാവും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇവര്‍ പിരിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പലതവണ ഭീഷണി മുഴക്കിയിരുന്ന യുവാവ് ഇന്ന് രാവിലെ ധരണിയുടെ വീട്ടിലെത്തി. പുറത്ത് നിന്നിരുന്ന യുവതിയുടെ നേരെ പാഞ്ഞടുത്ത് കഴുത്തിൽ കത്തികൊണ്ട് വെട്ടി. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും രക്തം വാര്‍ന്ന് പെൺകുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ച് വിക്രവണ്ടി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മധുപാക്കത്തു നിന്ന് ഇയാൾ പിടിയിലായത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും.