പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വനിതാ ഡോക്ടറുടെ മുഖാവരണം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർ നുസ്രത്ത് പർവീൺ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പാറ്റ്ന സദറിലെ സബൽപൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇവർക്ക് നിയമനം ലഭിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം വരെ അവർ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാറ്റ്ന സിവിൽ സർജൻ അവിനാഷ് കുമാർ സിംഗ് വ്യക്തമാക്കി.(Nitish Kumar lifts female doctor's Niqab, Doctor does not join work amid controversy)
നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ഡിസംബർ 20 ആയിരുന്നു. എന്നാൽ നുസ്രത്ത് റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്ന് ഈ കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഈ ആഴ്ച ആദ്യം നടന്ന നിയമന ഉത്തരവ് വിതരണ ചടങ്ങിലായിരുന്നു വിവാദ സംഭവം. ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ നുസ്രത്തിന്റെ മുഖാവരണം മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനായി മുഖം വ്യക്തമാകാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.