

ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ പ്രതികൾക്ക് ഇളവില്ലാത്ത വിധം ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരം കഠിനമായ ശിക്ഷകൾ വിധിക്കാനുള്ള അധികാരം ഹൈക്കോടതികൾക്കും സുപ്രീംകോടതിക്കും (ഭരണഘടനാ കോടതികൾ) മാത്രമാണെന്ന് ജസ്റ്റിസ് എ. അമാനുള്ള, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ വിധി ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് തിരുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.(Trial court has no authority to sentence to life imprisonment without commutation in murder cases, says Supreme Court)
അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസിൽ കർണാടക സ്വദേശി സമർപ്പിച്ച അപ്പീലിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശാരീരികബന്ധത്തിന് വിസമ്മതിച്ച ബന്ധുവായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയതായിരുന്നു കേസ്. ഈ കേസിൽ പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടോ എന്ന നിയമപ്രശ്നമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്.
ജീവപര്യന്തം തടവ് എന്നാൽ അത് പ്രതിയുടെ ജീവിതാന്ത്യം വരെയാണെങ്കിലും, ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവ പ്രകാരമുള്ള ഇളവുകൾക്കും സി.ആർ.പി.സി ചട്ടങ്ങൾക്കും വിധേയമായിരിക്കണം. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ 25-30 വർഷം വരെയോ മരണം വരെയോ ഇളവില്ലാത്ത ശിക്ഷ നൽകാൻ അധികാരമുണ്ടെങ്കിലും അത് ഭരണഘടനാ കോടതികളിൽ നിക്ഷിപ്തമാണ്.
14 വർഷത്തിനു മുകളിൽ ഇളവില്ലാത്ത രീതിയിൽ ശിക്ഷ നിശ്ചയിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല. പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കോടതി കുറച്ചു. നിശ്ചിത കാലാവധിക്ക് ശേഷം ശിക്ഷാ ഇളവിനായി അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് അനുമതി നൽകുകയും ചെയ്തു.