ഭോപ്പാൽ: അതീവ ജാഗ്രത വേണ്ട നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ എലികൾ വിഹരിക്കുന്നു. മധ്യപ്രദേശിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. ആശുപത്രി വാർഡിനുള്ളിൽ എലികൾ ഓടിക്കളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.(Rats in the neonatal ward, Another serious lapse in a government hospital in Madhya Pradesh)
അസുഖബാധിതരായ നവജാത ശിശുക്കളെ ചികിത്സിക്കുന്ന എസ്‌എൻസിയു യൂണിറ്റിലാണ് എലികൾ പ്രത്യക്ഷപ്പെട്ടത്. ഒരു കമ്പ്യൂട്ടർ മോണിറ്ററിന് താഴെ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചെടുത്ത് ഓടുന്ന എലിയെ ദൃശ്യങ്ങളിൽ കാണാം. യൂണിറ്റിലെ വൈ-ഫൈ റൂട്ടറിന് മുകളിലൂടെയും മേശകൾക്കിടയിലൂടെയും ഒന്നിലധികം എലികൾ ഭയമില്ലാതെ ഓടിനടക്കുന്നത് വീഡിയോയിലുണ്ട്.
അണുവിമുക്തമായി സൂക്ഷിക്കേണ്ട തീവ്രപരിചരണ വിഭാഗത്തിൽ ഇത്തരത്തിൽ എലികൾ കാണപ്പെടുന്നത് കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ എലിശല്യം മൂലം കുഞ്ഞുങ്ങൾ മരിച്ച സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു (എംവൈ) ആശുപത്രിയിൽ എലിയുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചിരുന്നു. എൻഐസിയുവിൽ വെച്ച് എലി കടിച്ചതിനെത്തുടർന്ന് അണുബാധയേറ്റാണ് കുട്ടികൾ മരണപ്പെട്ടത്. ജബൽപൂർ വിക്ടോറിയ ആശുപത്രിയിലെ ഐസിയുവിലും എലികൾ വിഹരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.