ഐ പി എൽ 2023: ജീവന്‍ മരണ പോരാട്ടത്തിന് ഡല്‍ഹി; ഇന്ന് ഗുജറാത്തിനെതിരെ
May 2, 2023, 18:48 IST

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം നടക്കുന്നത്. പ്ലേ ഓഫ് ഉറപ്പാക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാതിരിക്കാനാണ് ഡൽഹിയുടെ പോരാട്ടം. ദില്ലിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ അനായാസ ജയവുമായി ഗ്രൗണ്ട് വിട്ടത് ഗുജറാത്തായിരുന്നു. സ്വന്തം മൈതാനത്തും അതിൽ കുറഞ്ഞതൊന്നും ഹര്‍ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യമിടുന്നില്ല. ഒരു പിടി മാച്ച് വിന്നര്‍മാരുള്ളതാണ് നിലവിലെ ചാംപ്യന്മാരുടെ കരുത്ത്. ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും നേതൃത്വം നൽകുന്ന ബാറ്റിംഗ് നിര. ഇന്ന് കൂടി തോറ്റാല്‍ ഡല്‍ഹിക്ക് പിന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കും. എട്ട് കളികളില്‍ രണ്ട് ജയവും ആറ് തോല്‍വിയുമായി നാലു പോയന്‍റ് മാത്രമാണ് ഡല്‍ഹിയുടെ സമ്പാദ്യം. പ്ലേ ഓഫിലെത്താന്‍ 16 പോയന്‍റെങ്കിലും വേണ്ടിവരുമെന്നതിനാല്‍ ഇന്ന് തോറ്റാല്‍ പിന്നെ ഡല്‍ഹിക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവരും.