Times Kerala

 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരിൽ നിന്ന് ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്

 
 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരിൽ നിന്ന് ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരിൽ അഴിച്ചു പണി നടത്തി കേന്ദ്ര സർക്കാർ. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽനിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിൽനിന്ന് പ്രശസ്ത നടി നർഗീസ് ദത്തിന്‍റെ പേരും ഒഴിവാക്കി. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശുപാർശകൾ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം അംഗീകരിച്ചു.

മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് നല്‍കിയിരുന്നത്. ഇനി മുതൽ ഇന്ദിരാ ഗാന്ധിയുടെ പേര് ഇല്ലാതെയായിരിക്കും നവാഗത സംവിധായകനുള്ള പുരസ്കാരം നല്‍കുക. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലാണ് നല്‍കുക. 2022ലെ ഏഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് തുക നിര്‍മാതാവിനും സംവിധായകനും നല്‍കിയിരുന്നു. സംവിധായകന് മാത്രമായിരിക്കും ഇനി കാഷ് അവാര്‍ഡ്.

 

Related Topics

Share this story