Times Kerala

 ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തും: പിയൂഷ് ഗോയൽ 

 
 ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തും: പിയൂഷ് ഗോയൽ 
 

മുംബൈ: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ നവി മുംബൈയിൽ ആരംഭിച്ച 14ാമത് വേൾഡ് സ്പൈസ് കോൺഗ്രസിന്റെ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി ഇപ്പോൾ 400 കോടി ഡോളറിന്റേതാണ്. ആഗോള സുഗന്ധനവ്യജ്ഞന വ്യവസായ രംഗത്ത് മുൻനിരയിലുള്ള ഇന്ത്യ പഴയകാല പ്രതാപം തിരിച്ചുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

“ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്നാണ് സുഗന്ധനവ്യഞ്ജനം. രാജ്യത്തിന്റെ സമ്പന്ന സാംസ്കാരിക പാരമ്പര്യവും ഇതു പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച ജി20 സമ്മേളനത്തിൽ യാഥാർത്ഥ്യമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് വ്യവസായ ഇടനാഴി പദ്ധതി പഴകാല സുഗന്ധന വ്യജ്ഞന പാതയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ സഹായിക്കും,” മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 

2024ൽ ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വ്യവസായ സമ്മേളനത്തിന് ഇന്ത്യ ആദിഥ്യമരുളുമെന്നും മന്ത്രി പറഞ്ഞു.  

സുഗന്ധവ്യഞ്ജനങ്ങൾ അടിസ്ഥാനമാക്കിയുള്ള നൂതന ഉല്‍പന്നങ്ങളുടെ വികസനത്തിനും ബയോടെക് പര്യവേക്ഷണങ്ങൾക്കും ഇന്ത്യയിൽ വലിയ സാധ്യതകളുണ്ടെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി സത്യൻ പറഞ്ഞു.  

വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയും സ്പൈസസ് ബോർഡ് ചെയർമാനുമായ അമർദീപ് സിങ് ഭാട്ടിയ ഐഎഎസ്, അഡീഷനൽ സെക്രട്ടറിയും ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡുമായ സന്തോഷ് കുമാർ സാരംഗി ഐഎഎസ്, സ്പൈസസ് ബോർഡ് ഡയറക്ടർ വസിഷ്ഠ് നാരായൺ ഝാ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ നയരൂപീകരണകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും, സാങ്കേതിക വിദഗ്ധര്‍, കയറ്റുമതി കമ്പനികള്‍, വ്യാപാര സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു.  

സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ പുതിയ പ്രവണതളും വെല്ലുവിളികളും ചർച്ച ചെയ്യാനും ഭാവി പരിപാടികൾക്ക് രൂപം നൽകാനുമുള്ള വേദിയാണ് വേൾ സ്പൈസ് കോൺഗ്രസ്. ടെക്നിക്ക്, ബിസിനസ് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടന്നു.   

ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ടെക്ക്‌നിക്കല്‍ സെഷനുകളും ബിസിനസ് സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നുവരികയാണ്. സുസ്ഥിരത, ഉല്‍പ്പാദനക്ഷമത, നവീകരണം, സഹകരണം, മികവ്, സുരക്ഷ എന്നീ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 'വിഷന്‍ 2030: സ്‌പൈസസ്' ആണ് 14ാമത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന്റെ പ്രതിപാദ്യവിഷയം. ഭക്ഷ്യ സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ട്ടിഫിക്കേഷനും, ഫാര്‍മസ്യൂട്ടിക്കല്‍, ന്യൂട്രാസ്യൂട്ടിക്കല്‍, രോഗപ്രതിരോധ, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലെ ഉപയോഗം, സുഗന്ധദ്രവ്യ എണ്ണകളുടെ ഉല്‍പ്പാദനം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സെഷനുകള്‍ നടക്കും.  

വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും സമ്മേളനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ത്രിദിന സമ്മേളനം ഇന്ന് സമാപിക്കും.  

Related Topics

Share this story