മൈസൂരു: ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങി. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സ്ത്രീകൾ കൂടി മരിച്ചതോടെ ആകെ മരണം മൂന്നായി. അപകടത്തിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശി സലീമിന്റെ സഹോദരനെയും സുഹൃത്തിനെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.(Helium cylinder explosion in front of Mysore Palace, NIA begins investigation)
ഇന്നലെ രാത്രി എട്ടരയോടെ പാലസിന്റെ ജയമാർത്താണ്ഡ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. മരിച്ച സലീം താമസിച്ചിരുന്ന ലോഡ്ജിലും സ്ഫോടനം നടന്ന സ്ഥലത്തും എൻ.ഐ.എ സംഘം വിശദമായ പരിശോധന നടത്തി. കഴിഞ്ഞ ഒരു മാസമായി മൈസൂരുവിൽ ബലൂൺ കച്ചവടം നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് സലീം.
സാധാരണയായി സംഘമായി കച്ചവടം നടത്താറുള്ള ഇവർ, ഇന്നലെ സലീമിനെ മാത്രം പാലസ് പരിസരത്തേക്ക് അയച്ചതിലും സ്ഫോടനത്തിന് തൊട്ടുമുമ്പ് മാത്രം ഇയാൾ അവിടെ എത്തിയതിലും ഉദ്യോഗസ്ഥർ അസ്വഭാവികത സംശയിക്കുന്നുണ്ട്. സലീമിനെ പ്രതിയാക്കി നസർബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, എൻ.ഐ.എ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്നും പ്രാഥമിക നിഗമനത്തിൽ ഇതൊരു അപകടമാണെന്നും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പ്രതികരിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.