ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. നീതിക്കായി സുപ്രീം കോടതിയെ വിശ്വസിക്കുന്നുവെന്ന് അതിജീവിതയുടെ കുടുംബം പ്രതികരിച്ചതിന് പിന്നാലെയാണ് സി.ബി.ഐയുടെ നിർണ്ണായക നീക്കം.(Unnao rape case, CBI moves Supreme Court against bail)
ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ചാണ് സെൻഗാറിന് ജാമ്യം അനുവദിച്ചത്. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യമായ തുകയ്ക്കുള്ള മൂന്ന് ആൾജാമ്യവും ഹാജരാക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. 2017-ൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സെൻഗാറിന് ആശ്വാസകരമായ വിധി ഹൈക്കോടതിയിൽ നിന്നുണ്ടായത്.
ഹൈക്കോടതി വിധിയിൽ അതിജീവിതയുടെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. "ഹൈക്കോടതിയെ മുഴുവനായും കുറ്റപ്പെടുത്തുന്നില്ല, എന്നാൽ രണ്ട് ജഡ്ജിമാരുടെ വിധി ഞങ്ങളുടെ വിശ്വാസം തകർത്തു. ഇത് കുടുംബത്തോടുള്ള വലിയ അനീതിയാണ്," എന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകേണ്ടി വരുമെന്നും അവർ വികാരാധീനയായി കൂട്ടിച്ചേർത്തു. ഇടതുപക്ഷ സംഘടനകളും കോടതി വിധിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.