ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് സമാജ്‌വാദി പാർട്ടി എംപി അജേന്ദ്ര സിംഗ് ലോധിക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. മഹോബയിലെ കോട്‌വാലി നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(FIR Registered Against SP MP Ajendra Singh Lodhi For Remarks Against PM Modi)
വൈദ്യുതി തടസ്സം, സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉന്നയിച്ച് സമാജ്‌വാദി പാർട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കാനും പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഹമിർപൂർ-മഹോബ എംപിയായ ലോധി പ്രകോപിതനായത്.
പ്രധാനമന്ത്രിക്കെതിരെ അത്യന്തം മോശമായ ഭാഷ ഉപയോഗിച്ച എംപി, അദ്ദേഹത്തെ ‘ദേശവിരുദ്ധൻ’ എന്ന് വിളിക്കുകയും ചെയ്തു. എംപിയുടെ വിവാദ പരാമർശങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എംപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി ആവശ്യപ്പെട്ടു.
Story Summary
An FIR has been registered against Samajwadi Party MP Ajendra Singh Lodhi in Uttar Pradesh for making derogatory and abusive remarks against PM Narendra Modi. UP CM Yogi Adityanath and other BJP leaders have condemned the remarks, calling it an insult to democratic values and 145 crore Indians.

