ബജ്റംഗ്ദൾ പിഎഫ്ഐ താരതമ്യം; ഖാര്‍ഗെയ്ക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ്
Mon, 15 May 2023

ചണ്ഡിഗഡ്: ബജ്റംഗ്ദളിനെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി താരതമ്യം ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയ്ക്ക് പഞ്ചാബ് കോടതി സമന്‍സ് ചെയ്തു. ബജ്റംഗ്ദള്‍ നല്കിയ മാനനഷ്ടക്കേസിൽ പഞ്ചാബിലെ സംഗ്രൂര്‍ കോടതിയാണ് തിങ്കളാഴ്ച സമന്‍സ് അയച്ചത്.
കര്‍ണാടക തെരഞ്ഞെടുപ്പിനിടെ ബജ്റംഗ്ദളിനെ നിരോധിത സംഘടനയായ പിഎഫ്ഐയുമായും സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായും ഖാര്‍ഗെ താരതമ്യപ്പെടുത്തി എന്നതാണ് കേസ്. ഇതിനെതിരേ 100 കോടിയുടെ മാനനഷ്ടക്കേസാണ് ബജ്റംഗ്ദള്‍ നല്‍കിയത്. ജൂലൈ 10ന് ഹാജരാകാന്‍ സംഗ്രൂര്‍ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്) രമണ്‍ദീപ് കൗര്‍ കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഗ്രൂരില്‍ ഹിന്ദു സെക്യൂരിറ്റി കൗണ്‍സില്‍ ബജ്റംഗ് ദള്‍ ഹിന്ദിന്റെ ഹിതേഷ് ഭരദ്വാജ് ആണ് ഖാര്‍ഗെയ്ക്കെതിരേ കേസ് ഫയല്‍ ചെയ്തത്.