അസം പൊലീസിലെ 'ലേഡി സിങ്കം' ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് കുടുംബം
Wed, 17 May 2023

ഗുവാഹത്തി: അസം പോലീസ് സേനയിലെ 'ലേഡി സിങ്കം' എന്നറിയപ്പെട്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ രാഭ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നാഗോണ്‍ ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജുന്‍മോനി രാഭയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് ജുന്‍മോനി രാഭ കാറില്‍ തനിച്ചായിരുന്നെന്നും യൂണിഫോമില്‍ അല്ലായിരുന്നു എന്നുമാണ് റിപ്പോർട്ട്. സാരുഭുഗിയ ഗ്രാമത്തില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ജുന്‍മോനി രാഭയ്‌ക്കെതിരെ അന്യായമായ പണം കൈവശപ്പെടുത്തിയെന്ന കേസ് ചുമത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അവരുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് ജുന്‍മോനിയുടെ കുടുംബം ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശ് രജിസ്‌ട്രേഷനുള്ള ലോറിയാണ് ജുന്‍മോനിയെ ഇടിച്ച് തെറിപ്പിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഒളിവില്‍ പോയതായാണ് ലഭിക്കുന്ന വിവരം.പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടി ഏറെ ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥ കൂടിയാണ് ജുന്‍മോനി. ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ജുന്‍മോനിയേയും അറസ്റ്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം ഇവര്‍ വീണ്ടും സര്‍വീസില്‍ ചേരുകയും ചെയ്തിരുന്നു.