അനന്തനാഗില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു; തിരച്ചില്‍ തുടരും

ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ അനന്തനാഗില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ഖാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ഭീകരരുമായി ഏഴു ദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടല്‍ അവസാനിച്ചതായും തിരച്ചില്‍ തുടരമെന്നും ജമ്മു-കാഷ്മീര്‍ എഡിജിപി വിജയ് കുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മാസം 13 മുതല്‍ ഭീകരരുമായി സംയുക്തസേന നടത്തിവന്ന ഏറ്റുമുട്ടലില്‍ മൂന്നു സൈനികർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരിന്നു. 19 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോന്‍ചക്ക്, ശിപായി പ്രദീപ് സിംഗ്, ജമ്മു-കാഷ്മീര്‍ പോലീസിലെ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവർക്കാണ് ജീവൻ നഷ്ടമായത്.