

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ജോലി വാഗ്ദാനം ചെയ്ത് 22-കാരിയെ സർക്കാർ സർവ്വകലാശാല ക്യാമ്പസിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തു. സംഭവത്തിൽ ജവഹർലാൽ നെഹ്‌റു കാർഷിക സർവ്വകലാശാലയിലെ അപ്പർ ഡിവിഷൻ ക്ലർക്ക് ദുർഗ ശങ്കർ സിംഗേര (58), സഹായിയും പ്യൂണുമായ മുകേഷ് സെൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ തൊഴിൽ വാർത്ത കണ്ടാണ് യുവതി സർവ്വകലാശാലയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടത്. ഫോൺ അറ്റൻഡ് ചെയ്ത ദുർഗ ശങ്കർ, വൈസ് ചാൻസലറുടെ ഓഫീസിൽ ഒഴിവുണ്ടെന്നും ഉടൻ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് പലതവണ യുവതിയെ നേരിട്ട് കണ്ട് നിയമന നടപടികൾ നടക്കുകയാണെന്ന് ഇയാൾ ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച അഭിമുഖം ഉണ്ടെന്ന് പറഞ്ഞാണ് പ്രതി യുവതിയെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ക്യാമ്പസിനുള്ളിലെ പ്യൂൺ മുകേഷ് സെന്നിന്റെ ക്വാർട്ടേഴ്സിലേക്ക് യുവതിയെ കൊണ്ടുപോയി. മുകേഷ് പുറത്തുനിന്ന് വാതിൽ പൂട്ടിയ ശേഷം ദുർഗ ശങ്കർ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും യുവതിയെ ക്യാമ്പസിന് പുറത്തെത്തിച്ചത്.
വീട്ടിലെത്തിയ യുവതി നടന്ന കാര്യങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. യുവതിയുടെ പരാതിയിൽ കേസെടുത്ത അധർത്താൽ പോലീസ് ഉടൻ തന്നെ രണ്ട് പ്രതികളെയും പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർക്കാർ സ്ഥാപനത്തിനുള്ളിൽ നടന്ന ഈ ക്രൂരകൃത്യം നഗരത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.