

ഈ വർഷം സിനിമാലോകം ഏറ്റവും കൂടുതൽ കാത്തിരുന്ന രജനികാന്ത് ചിത്രം 'കൂലി' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. എന്നാൽ വലിയ ഹൈപ്പിലെത്തിയ ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ആരാധകരുടെ ഭാഗത്തുനിന്നും നിരൂപകരിൽ നിന്നും ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് 'കൂലി' നിരാശപ്പെടുത്തിയെന്ന കമന്റുകളോടാണ് ലോകേഷ് പ്രതികരിച്ചത്. "ചിത്രത്തിനെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അവയെല്ലാം ഗൗരവത്തോടെ കാണുന്നു. എന്റെ അടുത്ത സിനിമയിൽ ഈ തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കും," ലോകേഷ് പറഞ്ഞു. ഇത്രയധികം വിമർശനങ്ങൾക്കിടയിലും രജനികാന്ത് എന്ന താരത്തോടുള്ള സ്നേഹം കാരണമാണ് ജനങ്ങൾ തിയേറ്ററിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.