

ബോളിവുഡ് താരം കത്രീന കൈഫിന് ഇത് സന്തോഷങ്ങളുടെ ക്രിസ്മസ് ആണ്. അമ്മയായതിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് ഭർത്താവും നടനുമായ വിക്കി കൗശലിനും കുടുംബത്തിനുമൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് മുന്നിൽ നിന്നുള്ള സെൽഫി ചിത്രമാണ് കത്രീന പോസ്റ്റ് ചെയ്തത്. വിക്കി കൗശൽ, സഹോദരന്മാരായ സണ്ണി കൗശൽ, സെബാസ്റ്റിയൻ ലോറന്റ് മൈക്കൽ എന്നിവർ ചിത്രത്തിലുണ്ട്. ചുവന്ന വസ്ത്രമണിഞ്ഞ് വിക്കിയുടെ തോളിൽ കൈവെച്ച് പുഞ്ചിരിച്ചു നിൽക്കുന്ന കത്രീനയെ ചിത്രത്തിൽ കാണാം. "എല്ലാവർക്കും സ്നേഹം, സന്തോഷം, സമാധാനം. ഇത് ഒരു മെറി മെറി ക്രിസ്മസ്" എന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്.
കത്രീനയെ വീണ്ടും സോഷ്യൽ മീഡിയയിൽ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. "അമ്മയായ ശേഷമുള്ള തിളക്കം മുഖത്തുണ്ട്", "ഞങ്ങൾ നിങ്ങളെ ഒത്തിരി മിസ്സ് ചെയ്തു" എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ എല്ലാവർക്കും അറിയേണ്ടത് വിക്കി-കത്രീന ദമ്പതികളുടെ മകനെക്കുറിച്ചാണ്. പോസ്റ്റിന് താഴെ കുഞ്ഞിന്റെ ചിത്രം എവിടെ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്.