ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആമസോൺ, ഇത്തവണ തൊഴിൽ നഷ്ടമായത് 500 ഓളം പേർക്ക്
May 17, 2023, 09:20 IST

ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ 500 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. പ്രധാനമായും ആമസോൺ വെബ് സേവനങ്ങൾ, പരസ്യ വിഭാഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് ഇത്തവണ പിരിച്ചുവിടൽ കൂടുതലായി ബാധിച്ചിരിക്കുന്നത്.
സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ 9,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ജനുവരിയിൽ 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടിരുന്നത്. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ഈ വർഷം സാക്ഷ്യം വഹിക്കുന്നത്.