

അമൃത്സർ/മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം ദിഗ്‌വിജയ് സിംഗിനെ (റാണ ബാലചൗരിയ) വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തരണ്‍ തരണ്‍ സ്വദേശിയായ ഹർപിന്ദർ സിംഗ് (മിദ്ദു - 30) ആണ് കൊല്ലപ്പെട്ടത്.
മൊഹാലി പോലീസുമായുണ്ടായ വെടിവെപ്പിലാണ് ഹർപിന്ദറിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റുമുട്ടലിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ചികിത്സയിലാണ്. ഹർപിന്ദർ മിദ്ദു മുൻപും നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് മൊഹാലി പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൊഹാലിയിലെ സോഹാന പ്രദേശത്തുള്ള ബേദ്‌വാൻ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിനിടെയാണ് കബഡി താരം ദിഗ്‌വിജയ് സിംഗ് വെടിയേറ്റു മരിച്ചത്.
ബൈക്കിലെത്തിയ സംഘം ദിഗ്‌വിജയ് സിംഗിന് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ഈ കൊലപാതക കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ ആദിത്യ കപൂർ (മഖൻ), കരൺ പഥക് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
പഞ്ചാബിലെ കായിക മേഖലയെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നാലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് വകവരുത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.