ട്രെയിൻ യാത്രയിൽ ലഗേജ് പരിധി കടന്നാൽ കീശ ചോരും: തൂക്കം നോക്കാൻ സ്കാനറുകൾ വരുന്നു; ചാർട്ട് നിയമങ്ങളിലും മാറ്റം | Train

യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ചാണ് ലഗേജ് പരിധി
Luggage limit on train journey, Scanners to check the weight
Updated on

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിനും നിശ്ചയിച്ചിട്ടുള്ള സൗജന്യ പരിധിക്ക് മുകളിൽ ലഗേജ് ഉണ്ടെങ്കിൽ നിശ്ചിത തുക നൽകണം. നിലവിൽ ഭാരനിയന്ത്രണ നിയമങ്ങൾ ഉണ്ടെങ്കിലും പരിശോധന കർശനമായിരുന്നില്ല. സ്റ്റേഷനുകളിൽ സ്കാനറുകളും തൂക്കം നോക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ച ശേഷമായിരിക്കും പുതിയ നിയമം നടപ്പാക്കുക.(Luggage limit on train journey, Scanners to check the weight)

യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ചാണ് ലഗേജ് പരിധി നിശ്ചയിച്ചിരിക്കുന്നത്. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ വരെ സൗജന്യമായും പണമടച്ച് പരമാവധി 150 കിലോ വരെയും കൊണ്ടുപോകാം. സെക്കൻഡ് എസിയിൽ 50 കിലോയാണ് സൗജന്യ പരിധി; പണമടച്ചാൽ ഇത് 100 കിലോ വരെയാക്കാം. തേഡ് എസിയിൽ 40 കിലോ മാത്രമേ ലഗേജ് അനുവദിക്കൂ. സ്ലീപ്പർ ക്ലാസുകളിൽ 40 കിലോ വരെ സൗജന്യമായും പണമടച്ച് 80 കിലോ വരെയും കൊണ്ടുപോകാവുന്നതാണ്. ജനറൽ കോച്ചുകളിൽ 35 കിലോയാണ് സൗജന്യ പരിധി, പണമടച്ച് പരമാവധി 70 കിലോ വരെയും യാത്രക്കാർക്ക് കൈവശം വെക്കാം.

സൗജന്യ പരിധിക്ക് മുകളിലുള്ള അധിക ഭാരത്തിന് സാധാരണ ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടി തുകയാണ് ഈടാക്കുക. ലഗേജിന്റെ വലുപ്പത്തിനും റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്റർ നീളം, 60 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്നിവയിൽ കൂടുതൽ വലുപ്പമുള്ള ലഗേജുകൾ പാഴ്സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ. കൂടാതെ, വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ യാത്രാ കോച്ചുകളിൽ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

ലഗേജ് നിയമങ്ങൾക്കൊപ്പം റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയക്രമത്തിലും റെയിൽവേ മാറ്റം വരുത്തി. രാവിലെ 5.01-നും ഉച്ചയ്ക്ക് 2-നും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് തലേദിവസം രാത്രി 8 മണിക്ക് തയ്യാറാക്കും. ഉച്ചയ്ക്ക് 2.01-നും പിറ്റേന്ന് രാവിലെ 5-നും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടേത് യാത്രയ്ക്ക് 10 മണിക്കൂർ മുൻപ് തയ്യാറാക്കും. ഈ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com