

ഷിംല: ഹിമാചൽ പ്രദേശിലെ (Himachal Pradesh) ഡൽഹൗസിക്ക് സമീപം നിർത്തിയിട്ടിരുന്ന വിനോദസഞ്ചാര വാഹനം നിയന്ത്രണം വിട്ട് മലഞ്ചെരുവിലൂടെ താഴേക്ക് ഉരുണ്ടുനീങ്ങി. വാഹനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ വാതിലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
കുന്നിൻചെരുവിൽ യാത്രക്കാർ വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് വാഹനം പെട്ടെന്ന് താഴേക്ക് ഉരുളാൻ തുടങ്ങിയത്. ഡ്രൈവർ ഇല്ലാതിരുന്ന സമയത്താണ് അപകടം നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. വാഹനം വേഗതയാർജ്ജിക്കുന്നതിന് മുമ്പ് തന്നെ ഉള്ളിലുണ്ടായിരുന്ന സ്ത്രീകൾ പുറത്തേക്ക് ചാടി. റോഡിലേക്ക് വീണ ഇവരെ നാട്ടുകാർ ഉടൻ തന്നെ സഹായിക്കാനെത്തി. വാഹനം മരത്തിലിടിച്ചു നിൽക്കുന്നതിന് തൊട്ടുമുമ്പ് ചാടിയ രണ്ട് സ്ത്രീകൾ റോഡരികിലെ താഴ്ചയിലേക്ക് വീണു. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാരും മറ്റ് വിനോദസഞ്ചാരികളും ചേർന്ന് മുകളിലെത്തിച്ചു.
ഉരുണ്ടുനീങ്ങിയ വാഹനം താഴെയുള്ള ഒരു മരത്തിൽ തട്ടി നിന്നതിനാൽ കൊക്കയിലേക്ക് വീഴാതെ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഹിമാചലിലെ കുത്തനെയുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴുണ്ടാകുന്ന അശ്രദ്ധ എത്രത്തോളം അപകടകരമാണെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
A terrifying video from Dalhousie, Himachal Pradesh, shows a tourist van rolling down a steep slope while passengers were boarding. Several women inside the vehicle managed to jump out heroically as the van gained momentum. While most landed safely on the road, two women fell into a nearby gorge just before the van was halted by a tree, preventing it from plunging deeper. Local residents and tourists quickly coordinated a rescue to help those injured.