നടി വൈഭവി ഉപാധ്യായ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
May 24, 2023, 12:04 IST

ടെലിവിഷൻ - സിനിമ താരമായ വൈഭവി ഉപാധ്യായ (32) യ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെ ഹിമാചൽ പ്രദേശിലുണ്ടായ വാഹനാപകടത്തിലാണ് താരം മരണപ്പെട്ടത്. വളവ് തിരിയുന്നതിനിടയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. സാരാഭായ് Vs സാരാഭായി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് വൈഭവി ശ്രദ്ധേയ ആയത്. സാരാഭായി Vs സാരാഭായ് ടേക്ക് 2 എന്ന ഷോയിൽ വൈഭവിയ്ക്കൊപ്പം പ്രവർത്തിച്ച നിർമ്മാതാവും നടനുമായ ജെഡി മജീതിയ താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കാറിൽ നടിയ്ക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നടൻ ജെഡി മജീതിയ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. നടിയുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് ഹിന്ദി ടെലിവിഷൻ രംഗം. സഹപ്രവർത്തകരും ആരാധകരുമടക്കം താരത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയാണിപ്പോൾ.