

ബെംഗളൂരു: ഐടി ജീവനക്കാരെ കേന്ദ്രീകരിച്ച് ലാപ്‌ടോപ്പ് മോഷണം നടത്തിവന്ന സംഘത്തെ ബെംഗളൂരു ഇലക്ട്രോണിക് സിറ്റി പോലീസ് പിടികൂടി (Bengaluru Laptop Theft). പേയിംഗ് ഗസ്റ്റ് താമസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാസം ദൊഡ്ഡതോഗുരു മേഖലയിലെ ഒരു പിജിയിൽ നിന്ന് മൂന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയതിനെത്തുടർന്ന് ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സമാനമായ രീതിയിൽ കൂടുതൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ 11-ന് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ നിന്ന് ഒരാളെയും പിന്നീട് ബെംഗളൂരുവിന് സമീപമുള്ള അത്തിബെലെയിൽ നിന്ന് രണ്ടാമനെയും പോലീസ് പിടികൂടി.
ഐടി ജീവനക്കാർ താമസിക്കുന്ന പിജികളിലും ഹോസ്റ്റലുകളിലും സുരക്ഷാ കുറവുള്ള മുറികൾ നോക്കിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന ലാപ്‌ടോപ്പുകൾ തമിഴ്‌നാട്ടിലും ബെംഗളൂരുവിലുമായി ഇവർ വിൽക്കുകയായിരുന്നു പതിവ്. ഈ അറസ്റ്റോടെ ഇലക്ട്രോണിക് സിറ്റി, ബന്ദേപാളയ സ്റ്റേഷൻ പരിധികളിലെ 10 മോഷണക്കേസുകൾക്ക് പരിഹാരമായി. ബാക്കിയുള്ള ലാപ്‌ടോപ്പുകളുടെ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
The Bengaluru Police have busted a major laptop theft racket targeting IT professionals, leading to the arrest of two individuals and the recovery of 48 laptops worth Rs 40 lakh. The gang specifically targeted unlocked PG accommodations in the Electronic City area, selling the stolen devices across Karnataka and Tamil Nadu. With these arrests, authorities have successfully solved 10 pending theft cases and are currently working to identify the rightful owners of the recovered gadgets.