ന്യൂഡൽഹി: ഇന്ത്യൻ ആകാശസീമയ്ക്ക് അജയ്യമായ സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ട് റഷ്യൻ നിർമ്മിത എസ്-500 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നു. നിലവിൽ ഇന്ത്യയുടെ പക്കലുള്ള എസ്-400 ട്രയംഫിനേക്കാൾ ബഹുദൂരം മുന്നിലാണ് ഈ പുതിയ സംവിധാനം.(S-500 missile defense system to counter Chinese 'stealth' threat, India joins hands with Russia)
റഷ്യ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ മിസൈൽ വിരുദ്ധ സംവിധാനമാണിത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കുന്ന ചൈനീസ് വിമാനങ്ങളായ ജെ-20 യെ കൃത്യമായി കണ്ടെത്താനും തകർക്കാനും ഇതിലെ അത്യാധുനിക റഡാറുകൾക്ക് സാധിക്കും. 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ എസ്-500 തകർക്കും. എസ്-400 ന് ഇത് 400 കിലോമീറ്റർ മാത്രമാണ്.
സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകളെപ്പോലും തടയാൻ ഇതിന് ശേഷിയുണ്ട്. ശത്രുക്കളുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ തകർക്കാനും ഈ സംവിധാനത്തിന് കഴിയും. പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്-500 മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാമെന്ന വാഗ്ദാനവും റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്.
വെറുമൊരു വാങ്ങൽ എന്നതിലുപരി, 'മേക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യ പൂർണ്ണമായും കൈമാറുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നു. ചൈനയുമായും പാകിസ്താനുമായും അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കരാർ യാഥാർത്ഥ്യമായാൽ ഏഷ്യയിലെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറും.