കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഐ.ടി വിഭാഗം മേധാവി പ്രദീക് ജയിനിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. സാൾട്ട് ലേക്കിലെ ഓഫീസ് ഉൾപ്പെടെ വിവിധ ഇടങ്ങളിലായിരുന്നു പരിശോധന. 2021-ലെ കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനാണ് ഈ നടപടിയെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു.(ED raids TMC IT department head's house and office, Mamata Banerjee makes surprise visit)
റെയ്ഡ് വാർത്തയറിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വസതിയിലേക്ക് നേരിട്ടെത്തിയത് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചു. ഒരു പച്ച ഫയലുമായിട്ടാണ് മമത സ്ഥലത്തെത്തിയത്. പാർട്ടിയുടെ രഹസ്യ രേഖകളും സ്ഥാനാർത്ഥി പട്ടികയും സംരക്ഷിക്കാനാണ് താൻ എത്തിയതെന്ന് അവർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബി.ജെ.പി ഓഫീസുകളിൽ സംസ്ഥാന പോലീസ് കയറിയാൽ കേന്ദ്രത്തിന്റെ നിലപാട് എന്തായിരിക്കുമെന്നും അവർ ചോദിച്ചു. കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് വർമ്മയും സ്ഥലത്തെത്തിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായാണ് തൃണമൂൽ ആരോപിക്കുന്നത്.
മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ രാഷ്ട്രീയ സാഹചര്യം അതീവ സങ്കീർണ്ണമാണ്. പ്രത്യേക പരിശോധനയിലൂടെ (SIR) 58 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് തൃണമൂൽ കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് ബി.ജെ.പിയുടെ ഇടപെടലാണെന്നാണ് അവരുടെ ആരോപണം.