ലോക്കൽ ട്രെയിനിലെ പതിവ് യാത്രക്കാരൻ; നായയുടെ യാത്ര അന്ധേരിയിലേക്ക്

മനുഷ്യർ മാത്രമല്ല മുംബൈയിലെ മൃഗങ്ങൾക്കും ഇവിടുത്തെ ലോക്കൽ ട്രെയിനുകൾ ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യം. പതിവായി ലോക്കൽ ട്രെയിനിൽ കയറുന്ന ഒരു നായയാണ് താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരൻ ഇപ്പോൾ യാത്രക്കാർക്ക് തങ്ങളിൽ ഒരാളാണ്. ഇന്ത്യൻ കൾച്ചറൽ ഹബ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനിൽ തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം. ബൊറിവാലി എന്ന സ്റ്റേഷനിൽ നിന്നാണ് പതിവായി നായ ട്രെയിനിൽ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. മനുഷ്യരെ ഭയപ്പെടുത്താനോ ആക്രമിക്കാനോ നായ മുതിരാറുമില്ല. അന്ധേരിയിലേക്കാണ് നായയുടെ ഈ സഞ്ചാരം. പതിവായി ഇവിടെയാണ് നായ ഇറങ്ങുന്നതും. പകൽസമയം മുഴുവൻ നായ അന്ധേരിയിൽ തന്നെ കറങ്ങും. എന്നാൽ ഇരുട്ട് വീണു കഴിഞ്ഞാൽ അടുത്ത ട്രെയിൻ പിടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.
