Times Kerala

 വീഡിയോ കോളിലൂടെ പ്രസവം നടത്താന്‍ ഡ്യൂട്ടി ഡോക്‌ടറുടെ ശ്രമം, നവജാത ശിശു  മരിച്ചു; തമിഴ്‌നാട്ടില്‍ പ്രതിഷേധം

 
വീഡിയോ കോളിലൂടെ പ്രസവം നടത്താന്‍ ഡ്യൂട്ടി ഡോക്‌ടറുടെ ശ്രമം, നവജാത ശിശു  മരിച്ചു; തമിഴ്‌നാട്ടില്‍ പ്രതിഷേധം
ചെങ്കല്‍പ്പേട്ട്: തമിഴ്‌നാട്ടില്‍ വീഡിയോ കോള്‍ വഴി ഡ്യൂട്ടി ഡോക്‌ടര്‍ പ്രസവത്തിന് നേതൃത്വം നല്‍കവെ കുഞ്ഞ് മരിച്ചു. സൂനമ്പേട് സ്വദേശികളായ മുരളി-പുഷ്‌പ ദമ്പതികളുടെ നവജാത ശിശുവാണ് മരിച്ചത്. സൂനമ്പേട് സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർക്കാണ് പ്രസവമെടുക്കാന്‍ വീഡിയോ കോളിലൂടെ ഡ്യൂട്ടി ഡോക്‌ടര്‍ നിര്‍ദേശം നല്‍കിയത്.
തിങ്കളാഴ്‌ചയുണ്ടായ  സംഭവത്തില്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആശുപത്രിയ്‌ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. തുടർന്ന് ഡോക്‌ടര്‍ക്കും നഴ്‌സുമാർക്കുമെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് അധികൃതര്‍ പ്രതിഷേധക്കാരെ അറിയിച്ചു. 
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സെപ്‌റ്റംബര്‍ 19നാണ് യുവതിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഡോക്‌ടർ നിര്‍ദേശിച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം വേദന വീണ്ടും തുടങ്ങിയതോടെ യുവതിയെ വീണ്ടും  ആശുപത്രിയിലെത്തിച്ചു.
എന്നാൽ ഈ സമയം ഡോക്‌ടർമാരാരും അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച യുവതിയെ നഴ്‌സുമാര്‍ പരിചരിക്കയാണുണ്ടായത്. ഇതേദിവസം വൈകിട്ട് ആറ് മണിയോടെ ശിശുവിന്‍റെ കാലുകൾ ആദ്യം പുറത്തു വന്നു. ഇത് പ്രസവം സങ്കീര്‍ണമാക്കുകയായിരുന്നു.തുടര്‍ന്ന് വീഡിയോ കോളിലൂടെ ഡ്യൂട്ടി ഡോക്‌ടറെ ബന്ധപ്പെട്ടു. കുഞ്ഞിന്‍റെ തല എങ്ങനെ പുറത്തെടുക്കണമെന്ന് ഡോക്‌ടര്‍ നഴ്‌സുമാര്‍ക്ക് നിർദേശം നൽകിയെങ്കിലും  നഴ്‌സുമാർ പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് പുഷ്‌പയെ ആംബുലൻസിൽ മധുരാന്തകം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ നവജാത ശിശു മരണപ്പെടുകയായിരുന്നു.

Related Topics

Share this story