ജാതിപ്പേര് വിളിച്ച് വിദ്യാർഥിയുടെ മുതുകത്ത് ചൂരൽകൊണ്ട് അടിച്ച അധ്യാപകനെതിരെ കേസെടുത്തു

 ജാതിപ്പേര് വിളിച്ച് വിദ്യാർഥിയുടെ മുതുകത്ത് ചൂരൽകൊണ്ട് അടിച്ച അധ്യാപകനെതിരെ കേസെടുത്തു
 മുംബൈ: ജാതിപ്പേര് വിളിച്ച് വിദ്യാർഥിയുടെ മുതുകത്ത് ചൂരൽകൊണ്ട് അടിച്ച അധ്യാപകനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ദൗണ്ട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമീണ സ്കൂളിലാണ് കേസിനാസ്പദമായ  സംഭവം നടന്നത്. 13 വയസ്സുള്ള വിദ്യാർഥി പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടയാളാണ്. വിദ്യാർഥിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ  യാവത് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്  ക്ലാസ് നടക്കുന്നതിനിടെ അധ്യാപകൻ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് അടിച്ചെന്നാണ് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിക്ക് അധ്യാപകനിൽ നിന്ന് ജാതീയ അധിക്ഷേപം ഉണ്ടായെന്നും കുടുംബം പരാതിയിൽ ആരോപിക്കുന്നു.

എന്നാൽ, അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ബാലനീതി നിയമം, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരവും ഇന്ത്യൻ പീനൽ കോഡിലെ ശാരീരികമായ ആക്രമണം, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്.

Share this story