ഹൈദരാബാദ്: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിൽ ജൂത മതക്കാരുടെ ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇയാൾക്ക് കുടുംബവുമായി വളരെ പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.(Bondi Beach attack, Accused is a Hyderabad native; Telangana Police says he did not return even for his father's funeral)
1998-ൽ ഹൈദരാബാദിൽ നിന്ന് ബി.കോം പൂർത്തിയാക്കിയ ശേഷമാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ടുണ്ട്. കഴിഞ്ഞ 27 വർഷത്തിനിടെ ആകെ ആറ് തവണ മാത്രമാണ് ഇയാൾ ഇന്ത്യ സന്ദർശിച്ചത്. അത് പ്രധാനമായും സ്വത്ത് സംബന്ധമായ ആവശ്യങ്ങൾക്കും മാതാപിതാക്കളെ കാണാനുമായിരുന്നു.
സ്വന്തം പിതാവ് മരിച്ചപ്പോൾ പോലും സാജിദ് അക്രം ഇന്ത്യയിലേക്ക് വരാൻ തയ്യാറായില്ല എന്നത് ഇയാൾ കുടുംബത്തിൽ നിന്ന് എത്രത്തോളം അകന്നിരുന്നു എന്നതിന്റെ തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഡിസംബർ 14-നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ലോകത്തെ നടുക്കിയ വെടിവെപ്പുണ്ടായത്. സാജിദ് അക്രമും 24 വയസ്സുകാരനായ മകൻ നവീദ് അക്രമും ചേർന്നാണ് ആഘോഷത്തിനിടെ വെടിയുതിർത്തത്.
ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ സാജിദ് അക്രം കൊല്ലപ്പെട്ടു. പരിക്കേറ്റ മകൻ നവീദ് നിലവിൽ ആശുപത്രിയിൽ പോലീസ് കാവലിലാണ്. സാജിദിന്റെ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്ക് അയാളുടെ തീവ്രവാദ ചിന്താഗതിയെക്കുറിച്ചോ ഇത്തരമൊരു ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. ഓസ്‌ട്രേലിയൻ ഏജൻസികളുമായി സഹകരിച്ച് ഇന്ത്യൻ അധികൃതർ അന്വേഷണം തുടരുകയാണ്.