

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി. നൽകിയ പരാതി കോടതി തള്ളിയ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി മല്ലികാർജുൻ ഖർഗെ. കേസ് വെറും രാഷ്ട്രീയ പകപോക്കലായിരുന്നുവെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.(A slap in the face to Modi and Amit Shah, Congress on National Herald case verdict)
എല്ലായ്‌പ്പോഴും സത്യം മാത്രമേ ജയിക്കൂ, കോടതി വിധിയിൽ പൂർണ്ണ സംതൃപ്തിയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയാണ്. നൈതികതയുണ്ടെങ്കിൽ ഇരുവരും രാജി വെക്കാൻ തയ്യാറാകണം. ഇ.ഡി., സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഈ വിഷയത്തിൽ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഖാർഗെ വ്യക്തമാക്കി.
നാഷണൽ ഹെറാൾഡ് കേസ് ഇ.ഡിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനായി ഇ.ഡിയെ നിയമവിരുദ്ധമായി ഉപയോഗിക്കുകയായിരുന്നു. ഈ കേസ് പൂർണ്ണമായും പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ പരാതി ഡൽഹി റൗസ് അവന്യൂ കോടതി തള്ളുകയായിരുന്നു. ഇതോടെ വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.