ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ വായു മലിനീകരണം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ട നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കി. ഇതിന്റെ ഭാഗമായി ഡൽഹിയിലെ സ്വകാര്യ-സർക്കാർ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പകുതി ജീവനക്കാർക്ക് മാത്രം ഹാജരാകാൻ അനുമതി നൽകി തൊഴിൽ വകുപ്പ് ഉത്തരവിറക്കി.( Air pollution worsens, 50% of employees in Delhi will work from home)
ഡിസംബർ 18 മുതൽ ഓഫീസുകളിൽ 50% ഹാജർ മാത്രമേ അനുവദിക്കൂ. ബാക്കി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തൊഴിൽ വകുപ്പ് നിർദ്ദേശിച്ചു. ആരോഗ്യ സേവനങ്ങൾ, ജയിലുകൾ, പൊതുഗതാഗതം, വൈദ്യുതി, ശുചിത്വ സേവനങ്ങൾ തുടങ്ങിയ അവശ്യ സർവീസുകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതുമൂലം തൊഴിൽ നഷ്ടപ്പെട്ട രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകും. ഗ്രാപ് മൂന്നാം ഘട്ടത്തിലെ 16 ദിവസത്തെ തൊഴിൽ നഷ്ടത്തിനാണ് ഈ തുക നൽകുന്നത്. നാലാം ഘട്ടത്തിലെ നഷ്ടപരിഹാരം നിയന്ത്രണങ്ങൾ നീക്കിയ ശേഷം കണക്കാക്കും.
ബുധനാഴ്ച രാവിലെ വായു ഗുണനിലവാര സൂചികയിൽ (AQI) നേരിയ പുരോഗതി ദൃശ്യമായെങ്കിലും 328 എന്ന നിലയിൽ ഡൽഹി ഇപ്പോഴും 'അതിരൂക്ഷം' (Very Poor) എന്ന വിഭാഗത്തിലാണ് തുടരുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് (Smog) രൂപപ്പെട്ടിട്ടുള്ളതിനാൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടുതൽ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്നതിനായി രജിസ്‌ട്രേഷൻ പോർട്ടൽ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.