റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മലപ്പുറം മരുത കല്ലോലിക്കൽ സ്വദേശി കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റിൽ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുടുങ്ങിപ്പോയ കാട്ടാടിനെ ഇ.ആർ.എഫ് പ്രവർത്തകർ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി (Wild Goat Rescued Malappuram). വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയ കാട്ടാടിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നായ്ക്കളിൽ നിന്നും ജീവൻ രക്ഷിക്കാനായി പരിഭ്രാന്തിയോടെ ഓടിയ കാട്ടാട് കൃഷ്ണകുമാറിന്റെ വീടിന്റെ ഇരുമ്പ് ഗേറ്റിന്റെ കമ്പികൾക്കിടയിൽ തലയും ശരീരവും കുടുങ്ങി പൂർണ്ണമായും ചലിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പ്രാദേശിക ഇ.ആർ.എഫ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അതീവ ശ്രദ്ധയോടെ ഗേറ്റിന്റെ കമ്പികൾക്കിടയിൽ നിന്നും കാട്ടാടിന് കൂടുതൽ പരിക്കേൽക്കാത്ത രീതിയിൽ അതിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കാട്ടാടിനെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് കൈമാറി. വനപാലകർ മൃഗഡോക്ടറുടെ സഹായത്തോടെ ആടിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ച് വരികയാണെന്നും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് ഇതിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
Summary: An Emergency Rescue Force (ERF) team successfully rescued a wild goat that got trapped in the gate of a house in Marutha, Malappuram, while trying to escape from a pack of stray dogs. The animal became tightly wedged between the iron bars of the gate after being chased from the nearby forest area. Following the rescue operation, the ERF personnel handed over the wild goat to the Forest Department’s Rapid Response Team (RRT) for further medical care and rehabilitation.

