അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാഗി​ൽ കഞ്ചാവ്, വടിവാൾ

അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാഗി​ൽ കഞ്ചാവ്, വടിവാൾ
നേമം: ബൈക്ക് അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിച്ച ശേഷം പരിശോധിച്ചപ്പോൾ ബാഗി​ൽനിന്ന് കഞ്ചാവും വടിവാളും കണ്ടെടുത്തു. കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച മേലാംകോട് പൊന്നുമംഗലം പുത്തൻവീട്ടിൽ കിരൺ എന്ന 40-കാരനാണ്  പിടിയിലായത്. പ്രതിയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിൽ നിന്ന് നേമത്തേക്ക് വരികയായിരുന്ന ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് വലിയറത്തലയ്ക്ക് സമീപത്തുവച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റു റോഡിൽ കിടന്ന കിരണിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാളുടെ ബാഗിൽ കഞ്ചാവും വടിവാളും ഉണ്ടെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആറ് പൊതികളിലായി സൂക്ഷിച്ച 300 ഗ്രാം കഞ്ചാവും ഒന്നരയടിയോളം നീളമുള്ള വടിവാളുമാണ് പ്രതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി നരുവാമൂട് പൊലീസ് അറിയിച്ചു.

Share this story