

തിരുവനന്തപുരം: അറുപത്തിനാലാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായാണ് കലോത്സവം നടക്കുന്നത്.
കലോത്സവത്തിന്റെ ഔദ്യോഗിക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2025 ഡിസംബർ 20-ന് തൃശൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ 11.00-ന് തേക്കിൻകാട് മൈതാനത്ത് പന്തലിന്റെ കാൽനാട്ട് കർമ്മം നടക്കും. ഉച്ചയ്ക്ക് 12.00-ന് തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം ചെയ്യും. കഴിഞ്ഞ കലോത്സവത്തിലെ മികച്ച മാധ്യമ കവറേജിനുള്ള അവാർഡുകളും പ്രോഗ്രാം ഷെഡ്യൂളും ഇതോടൊപ്പം പ്രഖ്യാപിക്കും.
കലോത്സവം ഒറ്റനോട്ടത്തിൽ
അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്നത്.
ഹൈസ്കൂൾ വിഭാഗം: 96 ഇനങ്ങൾ
ഹയർ സെക്കൻഡറി: 105 ഇനങ്ങൾ
സംസ്കൃതോത്സവം: 19 ഇനങ്ങൾ
അറബിക് കലോത്സവം: 19 ഇനങ്ങൾ
തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലോഗോയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരാർത്ഥികൾക്കും കാണികൾക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സമയം ക്രമീകരിച്ചിട്ടുണ്ടെന്നും, താമസം, സുരക്ഷ, ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സബ് കമ്മിറ്റികൾ വിലയിരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.