വാളയാർ ആൾക്കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് വേണം | Walayar Mob Attack

Walayar Mob Attack
Updated on

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ബയ്യ (35) കൊല്ലപ്പെട്ട സംഭവത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയെത്തിയ രാംനാരായണൻ വഴിതെറ്റിയാണ് അട്ടപ്പള്ളത്തെത്തുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ 'കള്ളൻ' എന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ക്രൂരമായ വിചാരണയ്ക്കും മർദനത്തിനുമാണ് ഇയാൾ ഇരയായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് യുവാക്കളെ വിവരമറിയിക്കുകയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു. രാംനാരായണൻ കള്ളനാണെന്ന ആരോപണം കുടുംബം പൂർണമായും നിഷേധിച്ചു. മൂന്ന് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ഇയാൾ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ അട്ടപ്പള്ളം സ്വദേശികളായ അഞ്ച് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. അവശനിലയിലായ രാംനാരായണനെ പോലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com