ഗ്രോ വാസു ചെയ്ത തെറ്റ് എന്താണ്?: കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ

തിരുവനന്തപുരം: മുന്‍ നക്‌സലൈറ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ഉന്നയിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്. അദ്ദേഹം തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മറാട്ടവും വ്യാജ രേഖാ നിര്‍മാണവും നടത്തുന്ന സിപിഐഎം ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയ ജീവിതരം നയിക്കുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.