

ന്യൂഡൽഹി: വിവിധ ഭാഷകളിലെ മികച്ച സാഹിത്യ കൃതികൾക്കുള്ള 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അപ്രതീക്ഷിതമായി മാറ്റിവെച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വാർത്താസമ്മേളനം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അധികൃതർ തീരുമാനം മാറ്റുകയായിരുന്നു.
ഔദ്യോഗിക അറിയിപ്പിനെത്തുടർന്ന് ദേശീയ മാധ്യമങ്ങളടക്കം ഡൽഹിയിലെ അക്കാദമി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ വിശദീകരണം നൽകാതെ തന്നെ പ്രഖ്യാപനം നീട്ടിവെച്ചതായി അറിയിക്കുകയായിരുന്നു.അവാർഡ് നിർണ്ണയത്തിനായി വ്യാഴാഴ്ച രാവിലെ ചേർന്ന അന്തിമ യോഗത്തിൽ പോലും പ്രഖ്യാപനം മാറ്റുന്നതിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നില്ല.എന്ത് കാരണത്താലാണ് പ്രഖ്യാപനം മാറ്റിവെച്ചതെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വാർത്താക്കുറിപ്പ് പിന്നീട് ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ.
മലയാളം ഉൾപ്പെടെയുള്ള പ്രധാന ഭാഷകളിലെ പുരസ്കാരങ്ങൾക്കായി സാഹിത്യലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നീക്കം. പുരസ്കാര നിർണ്ണയവുമായി ബന്ധപ്പെട്ട എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളാണോ ഇതിന് പിന്നിലെന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.