ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു, സി.ആർ.എം.എ.എസിന്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്

ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു,  സി.ആർ.എം.എ.എസിന്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്
Updated on

തിരുവനന്തപുരം: കേരളത്തിന്റെ ലൈഫ് സയൻസസ് മേഖലയിൽ നാഴികക്കല്ലാകുന്ന പദ്ധതിക്കു തുടക്കമായി. ബയോ 360 ലൈഫ് സയൻസ് പാർക്കിൽ സെന്റർ ഫോർ റിസർച്ച് ഓൺ മോളിക്കുലാർ ആൻഡ് അപ്ലൈഡ് സയൻസ് (സിആർഎംഎഎസ്) എന്ന ആധുനിക ഗവേഷണ-നിർമാണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ബയോ-മെഡിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്കുള്ള പുതിയ മുന്നേറ്റമാണ് ഈ പദ്ധതിയെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിക്രം സാരാഭായ് സ്പേസ് സെൻ്റർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളുമായും വിവിധ ഐഐടി,എൻഐടികളുമായും സഹകരിക്കുന്ന സ്ഥാപനം പുതിയ യൂണിറ്റിലൂടെ നൂറിലധികം ഹൈസ്കിൽ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുകമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിപുലീകരണത്തിലൂടെ ഇലക്ട്രിക് പൾസ് സ്റ്റിമുലേഷൻ സിസ്റ്റം ഉൾപ്പെടെയുള്ള ടെക്നോളജി മാനുഫാക്ചറിങ്ങ് കേരളത്തിൽ തന്നെ ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീന ഡിസീസ് മോഡലിംഗ് സിസ്റ്റങ്ങൾ, ന്യൂറോണൽ സ്റ്റിമുലേഷൻ, കാർഡിയാക് റീമോഡലിംഗ് തുടങ്ങിയ മേഖലകളിൽ കൃത്യമായ ഗവേഷണങ്ങൾക്ക് ഈ കേന്ദ്രം പുതിയ സാധ്യതകൾ തുറക്കുമെന്നു സിആർഎംഎഎസ് ഡയറക്ടർ ഡോ. രാജേഷ് രാമചന്ദ്രൻ പറഞ്ഞു. ആയുർവേദവും ബയോമാറ്റീരിയൽസും ശക്തിപ്പെടുത്തുന്ന ട്രാൻസ്ലേഷണൽ റിസർച്ച് ഹബ്ബായി സിആർഎംഎസ് മാറുമെന്നും ആഗോള ശാസ്ത്രജ്ഞരെ ഏകോപിപ്പിച്ച് പ്രായോഗിക ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പുതിയ കേന്ദ്രത്തിന്റെ ആദ്യഘട്ടത്തിനാണ് മന്ത്രി പി രാജീവ്‌ ഇന്ന് തറക്കല്ലിട്ടത്. ഏകദേശം 15,800 ചതുരശ്ര അടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കേന്ദ്രത്തിൽ 8,600 ചതുരശ്ര അടി ലോകനിലവാരമുള്ള ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾക്കും ശേഷിക്കുന്ന 6,000 ചതുരശ്ര അടി സിആർഎംഎഎസ് വികസിപ്പിച്ച ആയുഷ് (AYUSH) ഉൽപ്പന്നങ്ങളുടെ നിർമാണത്തിനുമായി ഉപയോഗപ്പെടുത്തും .

ചടങ്ങിൽ ബയോ 360 സി ഇ ഒ ഡോ. പ്രവീൺ കെ.എസ്., കേരള സർവകലാശാല ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസ്സർ ഡോ.മിനി എസ് , ബയോ 360 പ്രൊജക്റ്റ് മാനേജർ ഡോ സുനിത ചന്ദ്രൻ, സിആർഎംഎഎസ് ഡയറക്ടർമാർ ഡോ. സ്മിത സി., ഡോ. രാജേഷ് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ബയോടെക്നോളജി രംഗത്ത് ഒരു ദശാബ്ദത്തിലേറെ മികവ് തെളിയിച്ച സിആർഎംഎഎസ്, സ്വകാര്യ വ്യവസായങ്ങൾ, സർവകലാശാലകൾ, ദേശീയ ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് ഇൻ വിട്രോ ഡിസീസ് മോഡലിംഗ്, ട്രാൻസ്ലേഷണൽ റിസർച്ച്, മോളിക്യുലർ ബയോളജി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ്.കേരളത്തിന്റെ ബയോടെക് വളർച്ചയ്ക്ക് ഊർജം പകരുന്ന ഈ സംരംഭം, ഗവേഷണത്തെയും വ്യവസായത്തെയും ഒരുമിച്ച് കൊണ്ടുവരുന്ന മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
Times Kerala
timeskerala.com