കൊച്ചി: പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് പരാതിക്കാരിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ പ്രതാപചന്ദ്രനെതിരെ തെളിവുകൾ പുറത്ത്. ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2024-ൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം.യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ആശങ്കാകുലയായി കരയുകയായിരുന്ന യുവതിയോടാണ് പ്രതാപചന്ദ്രൻ അതിക്രമം കാണിച്ചത്.കരയുകയായിരുന്ന യുവതിയെ പ്രകോപനമില്ലാതെ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.
സ്റ്റേഷനുള്ളിൽ വെച്ച് താൻ മർദനത്തിന് ഇരയായെന്ന് യുവതി പരാതിപ്പെട്ടെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച യുവതി, കനത്ത നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സ്വന്തമാക്കിയത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയി സേവനമനുഷ്ഠിക്കുകയാണ് പ്രതാപചന്ദ്രൻ.
സിഐ പ്രതാപചന്ദ്രൻ മുൻപും സമാനമായ രീതിയിൽ വിവാദങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ്. വഴിയരികിൽ വിശ്രമിക്കുകയായിരുന്ന സ്വിഗ്ഗി ഡെലിവറി ബോയിയെ ക്രൂരമായി മർദിച്ച സംഭവത്തിലും ഇയാൾ പ്രതിക്കൂട്ടിലായിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഗർഭിണിയെ മർദിച്ച ദൃശ്യങ്ങളും പുറത്തുവരുന്നത്.