

കണ്ണൂർ: കണ്ണൂർ-കാസർഗോഡ് ദേശീയപാതയിൽ പയ്യന്നൂർ കണ്ടോത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരിയായ കെ.കെ. ഗ്രീഷ്മ (38) ആണ് മരിച്ചത്. അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യയാണ് ഗ്രീഷ്മ.
വ്യാഴാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം. കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപം വെച്ച് ടാങ്കർ ലോറി ഗ്രീഷ്മ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കണവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി. മധുസൂദനന്റെയും മകളാണ് പരേതയായ ഗ്രീഷ്മ. മകൻ: ആരവ്. സഹോദരൻ: വൈശാഖ്. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിലെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.