തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണപ്പൊതി വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവ്വം’ പദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.(VK Sanoj Confirms Food Distribution Will Continue Slams K Muraleedharan)
രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരുടെ വിശപ്പകറ്റുന്ന ഈ ജനകീയ കൂട്ടായ്മയെ തകർക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അസ്വസ്ഥതയാണ്. ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിനെ സംഘടന എതിർക്കുന്നില്ല. എന്നാൽ പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതിന് മുൻപ് നിലവിലുള്ള ജനകീയ പദ്ധതി നിർത്തലാക്കാൻ തിടുക്കം കൂട്ടുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രതിപക്ഷ സംഘടനകൾക്കെതിരെ രൂക്ഷമായ വിമർശനവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയുമെന്നും ‘വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല’ എന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
Story Summary
DYFI State Secretary VK Sanoj strongly rejected Health Minister K Muraleedharan’s directive to stop voluntary food distribution in government hospitals, confirming that the ‘Hridayapoorvam’ project will continue. Terming the government’s move inhumane, Sanoj claimed that opposition frustration over DYFI’s welfare track record.


